ക്രിസ്തുമസ് ട്രീറ്റുമായി മലയാള സിനിമ…

December 19, 2018

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളാണ് ഇനി… കുട്ടികളുടെ പരീക്ഷകളും മുതിർന്നവരുടെ തിരക്കുകളുമൊക്കെ കഴിഞ്ഞു. എല്ലാവരും കാത്തിരിക്കുന്നത് ഇനി ക്രിസ്തുമസിനാണ്. പുൽക്കൂടും നക്ഷത്രവും സാന്റാക്ലോസും കേക്കും വൈനുമൊക്കെയായി മനോഹരമാക്കുന്ന ക്രിസ്തുമസ് ദിനങ്ങൾ…എന്നാൽ മലയാളികൾക്ക് അവരുടെ ആഘോഷങ്ങൾ പൂർത്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് സിനിമകൾ.

ഈ വർഷം ക്രിസ്തുമസ് ചിത്രങ്ങളായി തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത് നാല് മലയാള സിനിമകളാണ്. ഫഹദ് ഫാസിൽ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഞാൻ പ്രകാശൻ’. ടൊവിനോയും ഉർവ്വശിയും ഒന്നിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’. കുഞ്ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന ‘തട്ടുംപുറത്ത് അച്യുതൻ’. ജയസൂര്യയുടെ ‘പ്രേതം 2’ എന്നിവയാണ്.

ഞാൻ പ്രകാശൻ

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരുവർക്കുമൊപ്പം മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ഫഹദ് കൂടി എത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യുട്യൂബിൽ ട്രെൻഡിങ്ങിൽ എത്തിയ ചിത്രത്തിന്റെ ടീസറിനൊപ്പം പോസ്റ്ററുകളും ഗാനങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

17 വർഷങ്ങൾക്ക് ശേഷം സത്യൻ ശ്രീനി കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം, ഒരു പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. സത്യൻ ശ്രീനിവാസൻ, ഫഹദ് തുടങ്ങിയ മലയാളത്തിലെ വിലപ്പെട്ട താരങ്ങൾക്കൊപ്പം നായികയായി എത്തുന്നത് നിഖില വിമലാണ്.

ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്.

ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ  സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രമാണിത്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ പി എസ് സി ലളിത,  സബിത ആനന്ദ്, മറിമായം  മഞ്ജു എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എന്റെ ഉമ്മാന്റെ പേര്

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിരക്കഥയും ജോസ് സെബാസ്റ്റ്യന്റേതു തന്നെയാണ്.

ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇതിനുപുറമെ, ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ഹമീദ് എന്ന മുസ്ലീം ചെറുപ്പക്കാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ചിത്രം ഡിസംബർ 21 ന് തിയേറ്ററുകളിൽ എത്തും.

തട്ടുംപുറത്ത് അച്യുതൻ

കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ.  ക്രിസ്തുമസ് റിലീസായി ഡിസംബർ 21 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിനും നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലാല്‍ ജോസാണ് ‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

കുഞ്ചാക്കോ ബോബന്‍ ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്ക് ഒട്ടേറെ നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരുന്നു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങള്‍ ലാല്‍ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്.

എം സിന്ധുരാജാണ് ഈ രണ്ട് ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. എം സിന്ധുരാജ് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഷെബിന്‍ ബക്കറാണ് ‘തട്ടുംപുറത്ത് അച്യുതന്‍‘ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഹാസ്യവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തില്‍ പുതുമുഖ താരം ശ്രാവണയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബിജു സോപാനം, ഇര്‍ഷാദ്, അനില്‍ മുരളി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

പ്രേതം 2

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പ്രേതം 2’ എന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.  തികച്ചും ആകാംഷയും കൗതുകവും ഭീതിയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പർത്തികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ഡോണ്‍ ജോണ്‍ ബോസ്‌കോയായാണ്  ജയസൂര്യ എത്തുന്നത്..

‘ഡബിള്‍ ഫണ്‍, ഡബിള്‍ ഫിയര്‍’ എന്ന കുറിപ്പോടെ നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് നായികമാരാണ് ‘പ്രേതം 2’ വിലുള്ളത്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേതം ആദ്യ ഭാഗത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ജോണ്‍ ഡോണ്‍ ബോസ്‌കോയെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗവും. എന്നാല്‍ ചിത്രത്തിന്റെ പ്രമേയം വിത്യസ്തമാണെന്നും ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച അല്ലെന്നും നേരത്തെ രഞ്ജിത്ത് ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന മലയാള സിനിമകള്‍ എല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ‘പുണ്യാളന്‍ അഗര്‍ബത്തീസ്’, ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’, ‘സുസു സുധി വാത്മീകം’ തുടങ്ങിയവയെല്ലാം വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ക്രിസ്തുമസിനോടനുബന്ധിച്ച് ഡിസംബർ 21 ന് ചിത്രം തീയറ്ററുകളിലെത്തും.