ക്രിക്കറ്റ് മാത്രമല്ല ഡാന്‍സും അറിയാം, മകള്‍ സിവയ്‌ക്കൊപ്പം ധോണിയുടെ കിടിലന്‍ ഡാന്‍സ്: വീഡിയോ

December 3, 2018

കായികലോകത്തെ ഇതിഹാസതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ ഇതിഹാസതാരങ്ങളുടെ മക്കള്‍ക്കും. ഇക്കൂട്ടത്തില്‍ മുന്നില്‍തന്നെയാണ് ധോണിയുടെ മകള്‍ സിവ. നിരവധി ആരാധകരുമുണ്ട് ഈ കുട്ടിത്താരത്തിന്.

ആരാധകരുടെ പ്രീയപ്പെട്ട സിവ പണ്ടേയ്ക്ക് പണ്ടേ സാമൂഹ്യമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാളത്തില്‍ പാട്ടുപാടിയും തമിഴ് പറഞ്ഞുമെല്ലാം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ഈ കുട്ടിത്താരം. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് സിവ.

ഇത്തവണ പാട്ടല്ല, മറിച്ച് തകര്‍പ്പന്‍ ഡാന്‍സാണ് കുട്ടിത്താരം കാഴ്ചവെയ്ക്കുന്നത്. സിവയ്‌ക്കൊപ്പം ധോണിയുമുണ്ട് ഡാന്‍സ് കളിക്കാന്‍. സിവ തന്നെയാണ് കൊറിയോഗ്രാഫര്‍. സിവ പഠിപ്പിക്കുന്ന ഡാന്‍സ് സ്റ്റെപ്പുകള്‍ അതുപോലെ തന്നെ ആവര്‍ത്തിക്കുന്നുണ്ട് ധോണി. ക്രിക്കറ്റ് മാത്രമല്ല തകര്‍പ്പന്‍ ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

ധോണി തന്നെയാണ് മകള്‍ ഡാന്‍സ് പഠിപ്പിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആരാധകര്‍ വീഡിയോ എറ്റെടുക്കുകയും ചെയ്തു. മുമ്പും പല തവണ മകള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ ധോണി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.