ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും; ആകാംഷയോടെ ആരാധകർ..
ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇത്തവണ 23-മത് ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരം സാക്ഷിയാവുന്നത്. ഡിസംബർ ഏഴ് മുതൽ 13 വരെ നീണ്ടു നിൽക്കുന്ന ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും.ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ബംഗാളി സംവിധായകൻ ബുദ്ധദേബ്ദാസ് ഗുപ്ത എത്തും.
സാംസ്കാരിക വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലചിത്രമേളയിൽ ദുരന്തം വിതച്ച കേരളജനതയ്ക്ക് അതിജീവനത്തിന്റെ സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. രാജ്യാന്തര മല്‍സര വിഭാഗം, ലോകസിനിമ, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് തുടങ്ങിയ വിഭാഗങ്ങളിലുള്ള ചിത്രങ്ങളായിരിക്കും മേളയിൽ പ്രദർശിപ്പിക്കുക.
Read also: ഐ എഫ് എഫ് കെ; ഇനി ക്യൂ നിൽക്കേണ്ടതില്ല..
കഴിഞ്ഞ വർഷം സെപ്തംബറിന് ശേഷം നിർമ്മിച്ച സിനിമകളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്. നവാഗതരായ സിനിമ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മറ്റ് നിരവധി പുരസ്കാരങ്ങളും മേളയിൽ നൽകും. ഡിസംബർ ഏഴു മുതൽ പതിനാലു വരെ നീണ്ടു നിൽക്കുന്ന മേളയിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് സിനിമ സ്നേഹികൾ നോക്കിയിരിക്കുന്നത്.
ചലച്ചിത്ര മേളയിലേക്ക് ലോകം മുഴുവനുമുള്ള സിനിമ പ്രേമികളാണ് എല്ലാ വർഷവും എത്തുക. ഒരാഴ്ച നീണ്ടു നിൽക്കുന്ന സിനിമാവാരം മികച്ച സിനിമകൾ കാണാനുള്ള ഏറ്റവും നല്ല അവസരമായാണ് സിനിമ പ്രേമികൾ കാണുന്നത്.