ഐ എഫ് എഫ് കെ രണ്ടാം ദിനം; ആവേശത്തോടെ സിനിമ പ്രേമികൾ…

December 8, 2018

ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തിരിതെളിഞ്ഞപ്പോൾ ആവേശത്തോടെ സിനിമ പ്രേമികൾ. രണ്ടാം ദിനത്തിൽ ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റാണ് പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മത്സരചിത്രം. മോണിക്ക ലൈനാരയുടെ ദി ബെഡ്, ബിര്‍നസരോവിന്‍റെ ഖസാക്കിസ്ഥാന്‍ ചിത്രം ലൈറ്റ് ആക്സിഡന്‍റ്, ഫര്‍മനാരയുടെ റൈയ്ല്‍ ഒാഫ് ദ സീ എന്നിവയാണ് മറ്റ് മത്സരചിത്രങ്ങള്‍.

മനുഷ്യാവകാശ നിഷേധത്തിന്‍റെ കഥ പറയുന്ന ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്‍റെ ആവേ മരിയ, ബിനു ഭാസ്ക്കറിന്‍റെ കോട്ടയം, എന്നീ സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. നന്ദിത ദാസിന്‍റെ മാന്‍റോയും കൊണാര്‍ക്ക് മുഖര്‍ജിയുടെ ഏബ്രഹും സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

ചലച്ചിത്ര മേളയിലേക്ക് ലോകം മുഴുവനുമുള്ള സിനിമ പ്രേമികളാണ് എല്ലാ വർഷവും എത്തുക. ഒരാഴ്ച നീണ്ടു നിൽക്കുന്ന സിനിമാവാരം മികച്ച സിനിമകൾ കാണാനുള്ള ഏറ്റവും നല്ല അവസരമായാണ് സിനിമ പ്രേമികൾ കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സിനിമ പ്രേമികൾ ഒരുമിക്കുന്നതോടെ തിരുവന്തപുരം ഒരു മഹോത്സവത്തിന് സാക്ഷിയാകുകയാണ്.