മിന്നി മിന്നി കണ്ണു ചിമ്മി ‘ജൂണി’ലെ ആദ്യ ഗാനം; വീഡിയോ

December 27, 2018

‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജൂണ്‍’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. ‘മിന്നി മിന്നി കണ്ണു ചിമ്മി…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയം പശ്ചാത്തലമാക്കിയുള്ളതാണ് ഈ ഗാനരംഗം.

ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും. വിനായക് ശശികുമാറാണ് ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്. അമൃത സുരേഷാണ് ആലാപനം.

വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ചിത്രത്തിനുവേണ്ടിയുള്ള രജിഷയുടെ മെയ്ക്ക്ഓവറും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ജോജു ജോര്‍ജ്. അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.