‘മഹാവീർ കർണ്ണ’യ്ക്കായി ഒരുങ്ങുന്നത് വമ്പൻ സെറ്റ്; വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ, വീഡിയോ കാണാം..

December 13, 2018

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം മഹാവീർ കർണയ്ക്കായി ഒരുങ്ങുന്നത് വമ്പൻ സെറ്റ്. ചിത്രത്തിന്റെ രഥത്തിനായി  ഉപയോഗിക്കുന്ന 30 അടി ഉയരമുള്ള മണിയുടെ നിർമ്മാണം ആരംഭിച്ചു.  മണി കഴിഞ്ഞ ദിവസം ശ്രീപത്മനാഭ ക്ഷേത്രത്തിൽ പൂജിച്ച ശേഷം ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സെറ്റിൽ ഒരുങ്ങുന്ന അത്ഭുതങ്ങൾ കാണിക്കുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി ആർ എസ് വിമൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മഹാവീർ കർണ്ണ’ . ചിത്രത്തിൽ വിക്രമിന്റെ ചെറുപ്പകാലത്തെ അഭിനയിക്കാൻ എട്ട് വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ തിരഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ കാസ്റ്റിങ് കോളുകളും ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിളിച്ചിരുന്നു. ആയോധന കലയിൽ പ്രാവീണ്യമുള്ളവർക്കാണ് മുൻഗണന.

Read also: ‘മഹാവീർ കർണ’യാകാനൊരുങ്ങി വിക്രം; 300 കോടി ബഡ്ജറ്റ് ചിത്രം ഉടൻ

മൂന്ന് വർഷം മുൻപ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച പ്രോജക്ടായിരുന്നു കർണൻ. എന്നാൽ ചില കാരണങ്ങൾക്കൊണ്ട് ചിത്രം മുടങ്ങുകയായിരുന്നു. എന്നാലിപ്പോൾ 300 കോടി ബഡ്ജറ്റിൽ സൂപ്പർ താരം വിക്രമിനെ നായകനാക്കി സിനിമ എടുക്കാനൊരുങ്ങുകയാണ് സംവിധായകൻ വിമൽ. ചിത്രം മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും ഒരുക്കുമെന്നും 32 ഭാഷകളിലായി ഡബ്ബ് ചെയ്ത് ഇറക്കുമെന്നും സംവിധായകൻ പറഞ്ഞു.

ചിത്രത്തിൽ വിക്രമിനൊപ്പം ബോളിവുഡില്‍ നിന്നുളള പ്രമുഖ താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.