റാണി ലക്ഷ്മി ഭായിയുടെ കഥ പറഞ്ഞ് കങ്കണ; ‘മണികര്‍ണ്ണിക’യുടെ ട്രെയ്‌ലർ കാണാം..

December 18, 2018

കങ്കണ റണാവത്ത് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം ‘മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ ഉടൻ തിയേറ്ററുകളിലേക്ക്. കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. കൃഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വളരെയധികം എതിർപ്പുകളെ മറികടന്നാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്.

റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ ഝാന്‍സി റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നുള്ള പ്രചാരണത്തെ തുടര്‍ന്നാണ് ബ്രാഹ്മണ സഭ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തിയത്.

എന്നാല്‍ ഇത്തരത്തിലുള്ള സീനുകൾ ചിത്രത്തിലില്ലെന്ന നിര്‍മ്മാതാവ് കമല്‍ ജെയിന്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറാന്‍ ബ്രാഹ്മണ സഭ തയാറായത്. ജയശ്രീ മിശ്ര എന്ന എഴുത്തുകാരി എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ ഈ പുസ്തകം നിരോധിച്ചിരുന്നു.

ഝാന്‍സിയുടെ രാജ്ഞി, റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണെന്നുമാണ് ബ്രാഹ്മിണ്‍ സഭയുടെ വാദം. ഈ വാദത്തെ തുടർന്നാണ് ചിത്രത്തിനെതിരെ ബ്രാഹ്മിണ്‍ സഭ പ്രതിഷേധങ്ങൾ നടത്തിയിരുന്നത്.