ഇത് അഭിമാനത്തിന്റെ നിമിഷം; ‘ഒടിയൻ’വിശേഷങ്ങളുമായി മോഹൻലാൽ…

ഡിസംബർ 14 മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ദിവസം…ഇരുട്ടിന്റെ രാജാവായ് മോഹൻലാൽ എത്തുന്ന നിമിഷം…ഡിസംബർ 14 ന് ഒടിയൻ ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ്. ദുബായി ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ വെച്ച് നടന്ന ഒടിയൻ ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ചിലെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
”ഇത് അഭിമാനത്തിന്റെ നിമിഷമാണ്, ആദ്യമായാണ് ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി ദുബായിൽ എത്തുന്നത്. ചിത്രത്തിന് വളരെയധികം പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ് ഇവിടെ വന്നത്. മലയാള സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് ഒടിയൻ, ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും” മോഹൻലാൽ ചടങ്ങിൽ പറഞ്ഞു.
മഞ്ജു വാരിയര്‍, ശ്രീകുമാര്‍ മേനോന്, തിരക്കഥാകൃത്ത് ഹരികൃഷ്ണന് തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഒടിയന് കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്ന് സംവിധായകൻ ശ്രീകുമാര്‍ മേനോന് പറഞ്ഞു.
മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.
Read also: തെലുങ്ക് ആരാധകരെയും ആവേശത്തിലാക്കി ‘ഒടിയൻ’ ടീസർ…
റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന മഞ്ജു മോഹൻലാൽ താരജോഡികളുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.