‘മുത്തപ്പന്റെ ഉണ്ണീ’; ‘ഒടിയനി’ലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ

December 14, 2018

കേരളക്കരയെ ആവേശം കൊള്ളിച്ച്  ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ റിലീസ് ചെയ്ത ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ‘മുത്തപ്പന്റെ ഉണ്ണി’എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ലക്ഷ്മി ശ്രീകുമാറിന്റേതാണ്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്.


അതേസമയം കേരളത്തിൽ ബി ജെ പി ഹർത്താൽ ആഹ്വാനം ചെയ്തതിനെത്തുടർന്ന് ചില ഇടങ്ങളിൽ ഷോ മാറ്റിവെച്ചു. എങ്കിലും പുലർച്ചെയുള്ള ഫാൻസ്‌ ഷോകളിൽ ഒടിയൻ ആവേശം കേരളക്കരയിൽ ഒട്ടും ചോർന്നിരുന്നില്ല.. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഷോ മാറ്റിവച്ച തിയേറ്ററുകളിൽ സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും.

എന്നാൽ ലോകം മുഴുവനും പ്രദർശനത്തിനെത്തുന്ന ശ്രീകുമാർ മേനോൻ ചിത്രം ആദ്യദിനം തന്നെ കളക്ഷനിൽ റെക്കോർഡിടും എന്നാണ് കരുതപ്പെടുന്നത്. മലയാളത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയൻ എത്തിയത്. ഏത് രൂപത്തിലും മാറാൻ കഴിവുള്ള ഒടിയൻ മാണിക്യനെക്കുറിച്ചും അയാളുടെ ഒടിവിദ്യകളും നിറഞ്ഞതാണ് സിനിമ.

Read also: ഇത് അഭിമാനത്തിന്റെ നിമിഷം; ‘ഒടിയൻ’വിശേഷങ്ങളുമായി മോഹൻലാൽ…

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. പ്രഭ എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.