‘ഒരു ഫ്ലെക്സ് അപാരത’; സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘ഞാൻ പ്രകാശന്റെ’ ഫ്ലെക്സ്

December 13, 2018

സത്യൻ, ശ്രീനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലൂടെ വിരിയുന്ന വിസ്മയം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിരവധി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗാനങ്ങൾക്കും ടീസറുകൾക്കും പുറമെ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ച പോസ്റ്ററായിരുന്നു ഫഹദിനെ പട്ടി ഓടിച്ച് തെങ്ങിൽ കയറ്റിയ പോസ്റ്റർ. എന്നാൽ ഈ പോസ്റ്ററിന്റെ ക്രിയേറ്റിവിറ്റി സംവിധായകരിലും സിനിമാക്കാരിലുമൊന്നും ഒതുങ്ങിനിന്നില്ല… ക്രിയേറ്റിവിറ്റി ഇപ്പോൾ എത്തിനിൽക്കുന്നത് സാക്ഷാൽ തെങ്ങിന്റെ മുകളിൽ തന്നെയാണ്.

സമൂഹമാധ്യമങ്ങളിലൂടെ തരംഗമായ ഒരു ഫ്ലെക്സ് അപാരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. “സിനിമ ചെയ്യുന്നവർക്ക് മാത്രമല്ല ക്രിയേറ്റിവിറ്റി” എന്ന തലക്കെട്ടോടുകൂടിയാണ് പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. മണിക്കൂറുകൾ കൊണ്ട് പത്തു ലക്ഷം കാണികളെ നേടിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ പ്രണയ കഥക്ക് ശേഷം ഫഹദ് സത്യൻ അന്തികാട് ടീം ഒന്നിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ..

ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്. ചിത്രത്തിന് ആദ്യം ‘മലയാളി’ എന്ന്  പേരിട്ടിരുന്നെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.