‘ആത്മാവിൻ ആകാശത്തിൽ ആരോ വർണ്ണങ്ങൾ തൂകി’; ‘ഞാൻ പ്രകാശനി’ലെ അടിപൊളി ഗാനം കാണാം..

December 14, 2018

മലയാള തനിമയോടെ അവതരിപ്പിച്ച ടീസറിലൂടെയും പോസ്റ്ററുകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ ചിത്രമാണ് ഞാൻ പ്രകാശൻ. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരുവർക്കുമൊപ്പം മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ഫഹദ് കൂടി എത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആത്മാവിൻ ആകാശത്തിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ‘ഓമൽതാമര’ എന്ന ഗാനവും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

17 വർഷങ്ങൾക്ക് ശേഷം സത്യൻ ശ്രീനി കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം, ഒരു പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. സത്യൻ ശ്രീനിവാസൻ, ഫഹദ് തുടങ്ങിയ മലയാളത്തിലെ വിലപ്പെട്ട താരങ്ങൾക്കൊപ്പം നായികയായി എത്തുന്നത് നിഖില വിമലാണ്.

‘ലൗ 24 ഇന്റു സെവൻ’ എന്ന സിനിമയിലൂടെ മലയാള സിനിമയിലരങ്ങേറ്റം കുറിച്ച നായിക ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ്. ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്. ചിത്രത്തിന് ആദ്യം ‘മലയാളി’ എന്ന് പേരിട്ടിരുന്നെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.

Read also :‘ഒരു ഫ്ലെക്സ് അപാരത’; സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘ഞാൻ പ്രകാശന്റെ’ ഫ്ലെക്സ്

ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രമാണിത്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ പി എസ് സി ലളിത, സബിത ആനന്ദ്, മറിമായം മഞ്ജു എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഷാൻ റഹ്മാനാണ്.