‘നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിന്’, ഹൃദയം തൊടുന്നൊരു കുറിപ്പുമായി പൃഥ്വി…
മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ വരവേറ്റത്.. ആദ്യ സംവിധാന സംരംഭത്തിൽ നായകനായി മോഹൻലാൽ എത്തുന്നുവെന്ന വിവരം കൂടി പുറത്തു വന്നതോടെ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിക്കുകയിരുന്നു. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫർ’ എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതൽ ചിത്രത്തിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.
സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. ലൂസിഫറിന്റെ അവസാന ഭാഗ ഷൂട്ടിങ് റഷ്യയിലായിരുന്നു നടന്നത്. ഷൂട്ടിങ് അവസാനിച്ച ശേഷം തന്റെ ചിത്രത്തിൽ നായകനായി എത്തിയ മോഹൻലാലിന് നന്ദിയുമായി എത്തുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയതാരത്തിന് നന്ദി പറഞ്ഞത്. ചിത്രത്തിൽ സ്റ്റീഫൻ നെടുംപള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
Read also: ‘പലപ്പോഴും അത്ഭുതം തോന്നി’; പൃഥ്വിയെക്കുറിച്ച് ടൊവിനോയ്ക്കും ചിലത് പറയാനുണ്ട്..
“ലാലേട്ടന് ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളിയോടും വിട പറയുന്ന ദിവസമാണ് ഇന്ന്. എന്റെ ജീവിതത്തിൽ ഇന്ന് വരെ നടത്തിയതില്‍ ഏറ്റവും വ്യത്യസ്ഥമായ യാത്രയായിരുന്നു ലൂസിഫറിന്റെത്.. ‘ലൂസിഫര്‍’ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് എന്റെ സുഹൃത്തുക്കളിൽ പലരും പറഞ്ഞിരുന്നു.
ഒരു നടന് എന്ന നിലയില്‍ എന്റെ സമയം ഞാന്‍ അങ്ങനെയല്ല വിനിയോഗിക്കേണ്ടത് എന്ന് പലരും അഭിപ്രായപ്പെട്ടു.. ഇപ്പോഴും എനിക്കറിയില്ലഎന്റെ തീരുമാനം ശരിയായിരുന്നോ എന്ന്. പക്ഷേ ഒന്നെനിക്ക് വ്യക്തമാണ് സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച്, പതിനാറു വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചു.
നന്ദി ലാലേട്ടാ, എന്നെ വിശ്വസിച്ചതിന്. ലാലേട്ടനെ ഡയറക്ട് ചെയ്യാൻ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്നും എനിക്ക് സ്പെഷ്യല്‍ ആയിരിക്കും,” പൃഥ്വിരാജ് കുറിച്ചു.