ഒരിടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വീണ്ടും വെള്ളിത്തിരയിലേക്ക്
മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ചേരുകയാണ് സംവൃത സുനില്‍. മലയാളികളുടെ പ്രിയതാരം ബിജുമോനോന്റെ നായികയായാണ് സംവൃതയുടെ രണ്ടാം വരവ്.
സംവൃത സുനില്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും ചിത്രത്തിന്റെ പേര് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.
Read More: മനോഹരമായ മുടി മുറിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സംവൃത
രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.