ഭീകരാക്രമണത്തിന്റെ ഹൃദയം തകർക്കുന്ന ഓർമ്മപെടുത്തലുമായി ഉറി; ട്രെയ്ലർ കാണാം..
ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചിത്രം ‘ഉറി’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ഭീകരാക്രമണത്തിന്റെ ഹൃദയം പിളർക്കുന്ന രംഗങ്ങളുമായി ചിത്രീകരിച്ച സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആദിത്യ ധര് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നതും ആദിത്യ തന്നെയാണ്. വിക്കി കൗശലാണ് ഉറിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യാമി ഗൗതം, കൃതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2019 ജനുവരി 11 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.
2016 സെപ്റ്റംബര്‍ 18 നായിരുന്നു ഉറി ഭീകരാക്രമണം. ഇന്ത്യയുടെ 17 ജവന്മാര് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 45 ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതോടെ ലോകത്തുതന്നെ അറിയപ്പെടുന്ന സൈന്യമായി ഇന്ത്യന്‍ ജവാന്മാര്.
കാശ്മീരിലെ ഉറിയിലുണ്ടായ മിന്നലാക്രമണത്തിന്റെ നേര്‍ചിത്രം തന്നെയാണ് ‘ഉറി’. സമ്പൂര്‍ണ്ണ വിജയം കണ്ട ഇന്ത്യയുടെ ദൗത്യം ചിത്രത്തിന്റെ ട്രെയ്ലറിലും പ്രതിഫലിക്കുന്നുണ്ട്. ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.