മറ്റൊരാള്‍ ഉപേക്ഷിച്ച സാരി വീണ്ടും ഉടുത്ത് കളക്ടര്‍ വാസുകിയുടെ മാതൃക; വീഡിയോ
പൊതുസമൂഹത്തിനു മുമ്പില്‍ പുതിയൊരു മാതൃക തീര്‍ത്തിരിക്കുകയാണ് തിരുവനന്തപുരം കളക്ടര്‍ വാസുകി. വര്‍ക്കല മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ നിന്നും ലഭിച്ച, ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയാണ് കളക്ടര്‍ വീണ്ടുമുടുത്ത് മാതൃകയായത്. പരിസ്ഥിതി സ്നേഹത്തിന്റെ വലിയൊരു സന്ദേശമാണ് വാസുകിയുടെ ഈ പ്രവര്‍ത്തി. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.
‘റീയൂസ് പ്രമോട്ട് ചെയ്യാനാണ് ഇങ്ങനൊരു മാതൃക. വേറൊരാള് ഉടുത്ത് ഉപേക്ഷിച്ച സാരി ഞാന്‍ ഉടുക്കുന്നതില്‍ എനിക്ക് ഒരു സങ്കോചവും ഇല്ല. പരിസ്ഥിതിയാണ് പ്രധാനം. ഈ സാരി കളഞ്ഞ് പരിസ്ഥിക്ക് കേടുണ്ടാക്കുന്നതിലും നല്ലത് അത് പുനഃരുപയോഗിക്കുന്നതാണ്. ഓള്‍ഡ് ഈസ് ഫാഷനബിള്‍’ എന്ന കളക്ടര്‍ വാസുകിയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ നിറഞ്ഞു കൈയടിക്കുന്നുണ്ട്.
നിലപാടുകള്‍ക്കൊണ്ടും പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും സോഷ്യല്‍മീഡിയയില്‍ നേരത്തെ താരമായതാണ് കളക്ടര്‍ വാസുകി. തിരുവനന്തപുരം കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെയ്ക്കപ്പെട്ട പുതിയ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.