ബോളിവുഡിലും പ്രശംസ നേടി ‘പോത്തേട്ടൻസ് ബ്രില്യൻസ്’…

January 31, 2019

മലയാളികളുടെ പച്ചയായ ജീവിതം വെള്ളിത്തിരയിൽ തുറന്നുകാട്ടി ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും.. ദിലീഷ് പോത്തന്റെ ചിത്രങ്ങൾ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും മലയാളികൾ നെഞ്ചേറ്റിയ ചിത്രങ്ങളാണ്.

ഈ ചിത്രങ്ങളിലൂടെ മലയാളികൾക്ക്  നേടിതന്നത് മലയാള സിനിമയ്ക്ക് മികച്ച ഒരു സംവിധായകനെയാണ്. പോത്തേട്ടൻസ് ബ്രില്യൻസ് എന്ന് അദ്ദേഹത്തിന്റെ  ചിത്രത്തെ നോക്കി ആരാധകർ വിശേഷിപ്പിച്ചപ്പോൾ അതിന് പൂർണ പിന്തുണയുമായി സിനിമ ലോകവും എത്തി.

അഭിനേതാവായും സംവിധായകനായും മലയാള സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയ പോത്തട്ടന്റെ ബ്രില്ല്യൻസിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡിൽ നിന്നും രണ്ട് സംവിധായകർ.

ബോളിവുഡിന് ഒരുപിടി മികച്ച സംഭാവനകൾ സമ്മാനിച്ച സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകൻ  ബിജോയ് നമ്പ്യാരുമാണ് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെ പ്രശംസിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

“ഇതിനേക്കാൾ മികച്ചൊരു സിനിമ നിങ്ങൾക്ക് എന്നെ കാണിക്കാൻ സാധിക്കുമൊ? ഓരോ തവണ കാണുമ്പോഴും ഈ ചിത്രം ഓരോ പുതിയ കാര്യം എനിക്ക് കാണിച്ച് തരും…സാധാരണ ചിത്രങ്ങൾ പോലും ആഘോഷിക്കപ്പെടുന്ന ഈ കാലത്ത് ഈ ചിത്രം ഏറ്റവും ഉയരത്തിലാണ് നിൽക്കുന്നത്”. സുരേഷ് ത്രിവേണി ട്വിറ്ററിൽ കുറിച്ചു.

സുരേഷ് ത്രിവേണിയുടെ പോസ്റ്റിന് താഴെയാണ് ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ ബിജോയ് നമ്പ്യാരും രംഗത്തെത്തിയത്.  ഇത് മികച്ചൊരു ചിത്രമാണെന്നും  ഒരുപാട് കാര്യങ്ങൾ ഈ ചിത്രം പഠിപ്പിച്ച്‌ തരും എത്ര തവണ വേണമെങ്കിലും ഈ ചിത്രം കണ്ടിരിക്കാമെന്നുമാണ് ബിജോയ് ട്വീറ്റ് ചെയ്തത്.