‘ഗ്രാഫിക്‌സ് അല്ല ഇത് ഒര്‍ജിനല്‍; ബാഹുബലിയെ വെല്ലുന്ന പ്രകടനവുമായി ആനയെ തളച്ച് ആനപാപ്പാന്മാര്‍…

January 30, 2019

‘ബാഹുബലി’ എന്ന സിനിമ ഏറ്റെടുക്കാത്ത പ്രേക്ഷകര്‍ ഉണ്ടാവില്ല. തീയറ്ററുകളില്‍ ആസ്വാദകരെ അത്രമേല്‍ ആവേശംകൊള്ളിക്കാന്‍ ചിത്രത്തിനായി. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായമൊന്നുമില്ലാതെ ബാഹുബലി സിനിമയെ വെല്ലുന്ന പ്രകടനത്തിലൂടെ കേരളക്കരയുടെ മുഴുവന്‍ കൈയടി നേടുകയാണ് രണ്ട് ആനപാപ്പാന്മാര്‍. ഈഅടുത്ത് ചെറായി പൂരത്തിനിടെ ആന ഇടഞ്ഞ സംഭവം തെല്ലൊന്നുമല്ല കേരളത്തെ ഭീതിയിലാഴ്ത്തിയത്. സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കൊന്നും ഇല്ലാതിരുന്നത് ഏറെ ആശ്വാസം പകര്‍ന്നു. അതേസമയം പൂരപ്പറമ്പില്‍ നന്ദിലത്ത് ഗോപു എന്ന ഗജവീരന്‍ സൃഷ്ടിച്ചത് ഏറെ ഭയനകമായ അന്തരീക്ഷം തന്നെയായിരുന്നു. പൂരം കാണാനെത്തിയവരെല്ലാം ഒരു നിമിഷത്തേക്ക് ഒന്നു വിരണ്ടുപോയ മുഹൂര്‍ത്തം.

നന്ദിലത്ത് ഗോപു വിരണ്ടോടിയതോടെ അരിശം പൂണ്ട കേശവന്‍ എന്ന ആനയും രംഗം വഷളാക്കുമെന്നായി. ഈ നേരമാണ് കേശവനെ തളയ്ക്കാന്‍ ജീവന്‍ പണയം വെച്ച് പാപ്പാന്മാരായ മനോജിന്റെയും അനീഷിന്റെയും രംഗപ്രവേശനം. ഇരുവരും ചേര്‍ന്ന് ആനയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയ്ക്കാണ് സോഷ്യല്‍ മീഡിയയുടെ കൈയടി.

വിരണ്ടോടാനുള്ള കേശവന്റെ ശ്രമത്തെ ബുദ്ധിപൂര്‍വ്വം പരാജയപ്പെടുത്തുകയായിരുന്നു മനോജും അനീഷും. കേശവന്‍ വിരണ്ടോടാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും കേശവന്റെ വാലില്‍ പിടിച്ചുവലിച്ച്ഒന്നാം പാപ്പാന്‍ മനോജ് രംഗത്തെത്തി. വാലില്‍ പിടിച്ച്തിരിച്ച് കേശവന്റെ ശ്രദ്ധ തിരിച്ചതോടെ പിന്നോട്ടാഞ്ഞ കേശവന്റെ കൊമ്പില്‍ പിടിച്ച് പിന്തിരിപ്പിച്ച് അനീഷും കേശവനെ മെരുക്കാനൊരുങ്ങി. ഏറെ നേരത്തെ ഇരുവരുടെയും ബലപ്രയോഗത്തിന് ശേഷം കേശവന്‍ ശാന്തനായി.

ഇതോടെ അരിശം പൂണ്ട മൃഗത്തെതളയ്ക്കാന്‍ ബാഹുബലിയിലെ ഭല്ലാല്‍ദേവയ്ക്ക് മാത്രമല്ല അനീഷിനെയും മനോജിനെയും പോലുള്ള ആനപാപ്പാന്മാര്‍ക്കും കഴിയുമെന്ന് ഉറപ്പായി. വിരണ്ട ആനയെ തളച്ച ഇരുവരുടെയും മനോധൈര്യത്തെയും ബുദ്ധിയെയും പുകഴ്ത്തുകയാണ് മലയാളികള്‍.