വാട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയെ ബന്ധിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്

January 28, 2019

ജനപ്രീയ ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയെ ഒന്നിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫെയ്‌സ്ബുക്ക്. എന്നാല്‍ ഇവ മൂന്നിനെയും പരസ്പരം ബന്ധിപ്പിച്ചാലും ഘടനയില്‍ മാറ്റം വരില്ലെന്നതാണ് പ്രത്യേകത. അതേസമയം ഒരു ആപ്ലിക്കേഷനില്‍ നിന്നുകൊണ്ടുതന്നെ മറ്റ് ആപ്ലിക്കേഷനുകളിലേക്കും സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുമെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ആയിരിക്കും പദ്ധതി യാഥാര്‍ത്ഥ്യമാവുക. മൂന്ന് ആഫ്‌ലിക്കേഷനുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതുവഴി ഫെയ്‌സ്ബുക്കിന്റെ ജോലി എളുപ്പമാകുമെന്നാണ് സൈബര്‍ ലോകത്തെ ചിലര്‍ വിലയിരുത്തുന്നത്.