പത്മഭൂഷന്‍ മോഹന്‍ലാല്‍; അഭിനന്ദിച്ച് ചലച്ചിത്രലോകം

January 26, 2019

രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച മോഹന്‍ലാലിനെ അനുമോദിച്ച് ചലച്ചിത്രലോകവും. ആരാധകര്‍ക്കൊപ്പം നിരവധി സഹപ്രവര്‍ത്തകരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ #PadmabhushanMohanlal എന്ന ഹാഷ്ടാഗിലാണ് പലരും താരത്തിന് അനുമോദനം അറിയിക്കുന്നത്. മോഹന്‍ലാലിനൊപ്പം
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷന്‍ ബഹുമതി ലഭിച്ചു.

ഇരുവര്‍ക്കും പുറമേ മുന്‍ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, പര്‍വ്വതാരോഹക ബചേന്ദ്രി പാല്‍, ലോക്‌സഭ എംപി ഹുകുംദേവ് നാരായണ്‍ യാദവ് തുടങ്ങിയ 14 പേര്‍ക്കാണ് പത്മഭൂഷന്‍ ബഹുമതി ലഭിച്ചിരിക്കുന്നത്.


ഗായകന്‍ കെജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്, പ്രഭുദേവ, ഡ്രമ്മര്‍ ശിവമണി എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു,. ഇതിനു പുറമെ ഫുട്‌ബോള്‍ താരം സുനില്‍ ഛേദ്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ചെസ് താരം ഹരിക ദ്രോണവല്ലി, ബാസ്‌കറ്റ്‌ബോള്‍ താരം പ്രശാന്തി സിങ് എന്നിവര്‍ക്കും പത്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതോടൊപ്പം തന്നെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണഭ് മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹാസരിക എന്നിവര്‍ക്കാണ് ഭാരതരത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്.