ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ…

January 28, 2019

ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നാം ഏകദിനത്തിലും ന്യൂസിലന്‍ഡിനെ അനായാസം തകര്‍ത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ടോസ് നേടിയ കിവീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മികവാര്‍ന്ന ബൗളിങ്ങില്‍ ന്യൂസ്ലന്‍ഡിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം 43 ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇതിനുപുറമെ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. 93 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് ന്യൂസ്ലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍.

തുടക്കം മുതല്‍ക്കെ ബാറ്റിങ്ങില്‍ വലിയ മികവ് പുലര്‍ത്താന്‍ കിവീസിനായില്ല. റണ്‍സില്‍ 60 തികയ്ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ന്യൂസ്ലന്‍ഡിന് നഷ്ടമായി. എന്നാൽ അര്‍ധ സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയുടേയും വിരാട് കോഹ്ലിയുടേയും മികവിലാണ് ഇന്ത്യ മത്സരം അനായാസം സ്വന്തമാക്കിയത്. നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുയര്‍ത്തിയ അമ്പാടി റായിഡുവും ദിനേഷ് കാര്‍ത്തികും ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കുകയായിരുന്നു.