പ്രണവിന്റെ സ്‌നേഹഭാവങ്ങള്‍, പിന്നെ ഡാന്‍സും: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗാനം ശ്രദ്ധേയമാകുന്നു

January 29, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ‘ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ഒരുഗാനം പുറത്തിറങ്ങി. ഇന്ദിന്ദിരങ്ങള്‍… എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നജീം ഇര്‍ഷാദാണ് ആലാപനം. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. പ്രണവിന്റെ മനോഹരമായ സ്‌നേഹഭാവങ്ങളും ഡാന്‍സുമൊക്കെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ഏഴാമത്തെ ചിത്രംകൂടിയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

പുതുമുഖ താരമായ സയ ഡേവിഡാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മനോജ് കെ ജയന്‍, അഭിഷേക്, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.