ഹൃദയത്തില്‍ തൊടും ഈ ജനഗണമന; സ്പര്‍ഷ് ഷായ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി

January 25, 2019

ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം എന്ന കവി വാക്യം ഓര്‍മ്മയില്ലേ… ഇപ്പോഴിതാ ഏതൊരു ഇന്ത്യക്കാരന്റെയും അന്തരംഗം അഭിമാനപൂരിതമാകുന്ന ഒരു ജനഗണമനയാണ് സോഷ്യല്‍മീഡിയിയല്‍ തരംഗമാകുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്പര്‍ഷ് ഷാ ആലപിച്ച ദേശീയഗാനത്തിന്റെ വീഡിയോയ്ക്കാണ് സോഷ്യല്‍മീഡിയയുടെ കൈയടി. രോഹന്‍ പന്ത് അംബേദ്കര്‍ ആണ് ജനഗണമന പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

അസ്ഥികള്‍ക്ക് സംഭവിച്ച ബലക്ഷയം മൂലം ജന്മനാതന്നെ സ്പര്‍ഷ ഷായുടെ ശരീരം തളര്‍ന്നിരിക്കുകയാണ്. എണീറ്റു നില്‍ക്കാനോ നടക്കാനോ ഈ പതിനഞ്ചുകാരന് കഴിയില്ല. എന്നാല്‍ ഈ രോഗാവസ്ഥ ഒന്നും സ്പര്‍ഷ ഷായുടെ ആത്മവിശ്വാസത്തെ തെല്ലും അലട്ടിയിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ആരാധകരുമുണ്ട് സ്പര്‍ഷ് ഷായ്ക്ക്.

ലോകത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ റാപ്പറാണ് സ്പാര്‍ഷ് ഷാ. ഹിന്ദുസ്ഥാനി സംഗീതത്തിലും അമേരിക്കന്‍ വോക്കല്‍ മ്യൂസിക്കിലും സ്പര്‍ഷ് ഷാ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയ നിറഞ്ഞു കൈയടിക്കുകയാണ് സ്പാര്‍ഷ് ഷാ ആലപിച്ച ദേശീയഗാനത്തിന്.