ജോമോന്‍ ടി ജോണ്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്; അഭിനേതാക്കളെ തിരയുന്നു

January 28, 2019

ഏറെ പ്രേക്ഷകസ്വീകാര്യനായ ക്യാമറമാന് ജോമോന്‍ ടി ജോണും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. മികച്ച പ്രേക്ഷകപ്രതികരണം നേടിയ മുക്കുത്തി എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍ എ ഡി ഗിരീഷാണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലേക്കായി അഭിനേതാക്കളെ തിരഞ്ഞുകൊണ്ടുള്ള കാസ്റ്റിങ് കോളും പുറത്തെത്തി.

17 നും 20നും ഇടയ്ക്ക് പ്രായമുള്ള ആണ്‍കുട്ടികളെയും 16 നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയുമാണ് സിനിമയിലേക്ക് ആവശ്യം. തൃശൂര്‍, എറണാകുളം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടെന്നും കാസ്റ്റിങ് കോളില്‍ വ്യക്തമാക്കുന്നുണ്ട്.

ജോമോന്‍ ടി ജോണിനൊപ്പം എഡിറ്റര്‍ ഷെമീന്‍ മുഹമ്മദും നിര്‍മാതാവ് ഷെബിന്‍ ബക്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തിലേക്ക് എഡിറ്റ് ചെയ്യാത്ത ഫോട്ടോസും ബയോഡോറ്റയും ഒരു മിനിറ്റില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയേയും മെയില്‍ ചെയ്യുകയാണ് വേണ്ടത്.