ഇവളാണ് ‘ജൂണ്‍’ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആ പാട്ടുകാരി

January 26, 2019

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ജൂണ്‍ എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗായികയെ കണ്ടെത്തുന്ന തിരക്കിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ആ ഭാഗ്യഗായികയുടെ ഗാനടീസര്‍ പുറത്തെത്തി. രണ്ടായിരത്തോളം എന്‍ഡ്രികളില്‍ നിന്നുമായി 100 പേരെ ഓഡീഷന്‍ നടത്തിയ ശേഷമാണ് ഈ ഗായികയെ അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത്.

ബിന്ദു അനിരുദ്ധന്‍ എന്ന പുതുമുഖ ഗായികയാണ് ജൂണിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. കൂട് വിട്ട്… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ബിന്ദുവിന്റെ ആലാപന ഭംഗിയെ പുകഴ്ത്തുകയാണ് പ്രേക്ഷകര്‍.

നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും.

വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ചിത്രത്തിനുവേണ്ടിയുള്ള രജിഷയുടെ മെയ്ക്ക്ഓവറും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ജോജു ജോര്‍ജ്. അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.