പാട്ടുപാടി കൈയടി നേടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍; വൈറല്‍ വീഡിയോ

January 30, 2019

പാട്ടുപാടി സോഷ്യല്‍മീഡിയയുടെ കൈയടി നേടിയിരിക്കുകയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. മലയാളികള്‍ ഹൃദയത്തിലേറ്റിയ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം…’ എന്ന ഗാനമാണ് മന്ത്രി ആലപിച്ചത്.

കണ്ണൂര്‍ കക്കാട് സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു കടന്നപ്പള്ളി രാമചന്ദ്രന്‍. ഉദ്ഘാടനശേഷം ഒരു പാട്ട് പാടാന്‍ ജനങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ നിര്‍ബന്ധത്തിനുമുന്നില്‍ വഴങ്ങി മന്ത്രി പാടി.

കടന്നപ്പള്ളി രാമചന്ദ്രന്‍ ഗാനം ആലപിച്ചുതുടങ്ങിയപ്പോള്‍ വേദിയിലും സദസിലും ഉണ്ടായിരുന്നവര്‍ ഒപ്പം ചേര്‍ന്നു. കൈയടിച്ചും താളംപിടിച്ചുമെല്ലാം സദസ്സ് മന്ത്രിയുടെ പാട്ടിനെ വരവേറ്റു. പാട്ടിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലും തരംഗമായതോടെ ‘മികച്ച ജനപ്രതിനിധി മികച്ച പാട്ടുകാരനും’ എന്നായി ആസ്വാദകരുടെ കമന്റ്.