മമ്മൂക്കയെ വീണ്ടും തമിഴിലേക്ക് സ്വാഗതം ചെയ്ത് കാർത്തിക് സുബ്ബരാജ്…

January 21, 2019

തമിഴകവും മലയാളവും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്പ്…ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനും ട്രെയ്‌ലറിനുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ദേയമായ ചിത്രത്തെക്കുറിച്ച് രജനീകാന്ത് ചിത്രം ‘പേട്ട’യുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

“ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന പേരന്പ് എന്ന ചിത്രത്തിലൂടെ.. സ്‌ക്രീനില്‍ സംവിധായകൻ റാം സാറിന്റെ മാജിക്ക് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു…” കാർത്തിക് ട്വിറ്ററിൽ കുറിച്ചു.

ഓൺലൈൻ ടാക്സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെയും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൽ പറയുന്നത്.