തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മഞ്ജു; ആദ്യ ചിത്രം ധനുഷിനൊപ്പം

January 22, 2019

തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജു വാര്യർ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘അസുരൻ’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴിലേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പമാണ് മഞ്ജു നായികയായി എത്തുന്നത് എന്നതാണ് ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നത്.

ധനുഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിത്യഹരിത നായികയായ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതില്‍ ഏറെ ആവേശമുണ്ടെന്നാണ് ധനുഷ് പറഞ്ഞത്.

“ഇതെന്റെ തമിഴിലെ ആദ്യ ചിത്രമാണ്. ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍? ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആവേശത്തിലാണ്”, ധനുഷിന്‍റെ ട്വീറ്റിന് മഞ്ജു വാര്യര്‍ മറുപടി നല്‍കി.

തമിഴിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ‘വട ചെന്നൈ’യ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇരുവർക്കുമൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നുവെന്ന ആരാധകരിൽ ഇരട്ടി മധുരം നല്കിയിരിക്കുകയാണ്.

കലൈപുള്ളി എസ് താണുവിന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരൻ ഒരുക്കുന്നത് തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയാണെന്നാണ് അറിയുന്നത്.