‘പേട്ട’യുടെ ആഘോഷത്തിൽ പങ്കുചേർന്ന് പൃഥ്വി; താരത്തിന്റെ വാക്കുകളിൽ കണ്ണുനിറഞ്ഞ് മണികണ്ഠൻ, വീഡിയോ കാണാം..

January 15, 2019

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ചിത്രം പേട്ട. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത് സംവിധായകനും നടനുമായ പൃഥ്വിരാജും മാജിക് ഫ്രെയിംസും ചേർന്നാണ്. ആദ്യമായാണ് പൃഥ്വിരാജ് ഒരു ചിത്രം വിതരണത്തിനെത്തിക്കുന്നത്.

സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് എറണാകുളം സരിത സവിത തിയേറ്ററിൽ നടത്തിയ ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ പൃഥ്വിയും എത്തിയിരുന്നു. രജനിയുടെ പേട്ടയിൽ മലയാളികളുടെ പ്രിയപ്പെട്ട മണികണ്ഠനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

“നമ്മുടെയൊക്കെ ആഗ്രഹം പോലെ രജനി സാറിനെ ഇത്രയേറെ ആഘോഷമാക്കുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രത്തിന്റെ വിജയത്തിന് ഇരട്ടി മധുരമാണെന്നും പൃഥ്വി പറഞ്ഞു. നമ്മുടെ സ്വന്തം മണികണ്ഠന്‍ ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. എന്റെ വലിയ ആഗ്രഹമാണ് രജനി സാറിനോടൊപ്പം അഭിനയിക്കണമെന്നതും മണികണ്ഠന് ആ ഭാഗ്യം ലഭിച്ചതില്‍ ഞാനും അഭിമാനിക്കുന്നുവെന്നും” പൃഥ്വി പറഞ്ഞു.

അതേസമയം രജനിസാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും, അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിയുകയെന്നത് വലിയ സ്വപനമായിരുന്നുവെന്നും മണികണ്ഠൻ പറഞ്ഞു. അതുപോലെ തന്നെ ഏറെ സന്തോഷം ജനിപ്പിക്കുന്നതാണ് താന്‍ ആരാധിക്കുന്ന താരമായ പൃഥ്വിരാജില്‍ നിന്ന് പ്രശംസ കിട്ടിയതെന്നും മണികണ്ഠന്‍ നിറകണ്ണുകളോടെ പറഞ്ഞു.

വീഡിയോ കാണാം..