മലയാളത്തിന്റെ നിത്യഹരിത നായകന്റെ ഓർമ്മകളിലൂടെ…
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം പ്രേം നസീർ വിടവാങ്ങിയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ…
അപൂര്‍വ സവിശേഷതകളുടെ വലിയ വ്യക്തിപ്രഭാവമുള്ള അനശ്വര കലാകാരൻ നസീറിന്റെ ചിത്രങ്ങള്‍ ഇന്നും കാണികള്‍ക്ക് നിത്യഹരിത വസന്തമാണ് സൃഷ്ടിക്കുന്നത്…മറ്റാർക്കും പകരം വെയ്ക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസ്സുകളിൽ ഇന്നും മരിക്കാതെ നിലനിൽക്കുകയാണ്. 1951 മുതല്‍ മരിക്കുവോളം മലയാള സിനിമ അടക്കിവാണ താര ചക്രവര്‍ത്തിയാണ് പ്രേം നസീര്‍..
മലയാളത്തിന്റെ നിത്യഹരിത നായകൻ എന്ന് വിളിപ്പേരുള്ള പ്രേം നസീർ മലയാള സിനിമയ്ക്കും ലോക സിനിമയ്ക്കും നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. ‘താരപദവി ഒരു റോസാപൂ മെത്തയല്ല’ എന്നദ്ദേഹം മിക്കപ്പോഴും പറയുമായിരുന്നു. കഠിനാധ്വാനവും തൊഴിലിനോടുള്ള കൂറും കൃത്യനിഷ്ഠതയും സ്വഭാവശുദ്ധിയും നസീറിനെ എല്ലാവരുടെയും പ്രിയങ്കരനാക്കി.
പൈങ്കിളി നായകനായും, കരുത്തുറ്റ കഥാപാത്രങ്ങളിലും വേഷമിട്ട അദ്ദേഹം ‘കള്ളിച്ചെല്ലമ്മ’, ‘അഴകുള്ള സലീന’ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലനായും പ്രത്യക്ഷപെട്ടു. ഏറ്റവും അധികം സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 100 ല്‍ ഏറെ സിനിമകളില്‍ അഭിനയിക്കുക തുടങ്ങിയ ലോക റെക്കൊഡുകളെല്ലാം നസീറിന് മാത്രം സ്വന്തമെന്ന് അവകാശപ്പെടാവുന്നതാണ്.
672 മലയാള ചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രമാണ് നസീറിന്റെ അവസാനത്തെ ചിത്രം..