പരിമിതികളെ ചെറുത്ത് തോൽപ്പിച്ച് മുന്നേറുന്ന അസിമിനെ സന്ദർശിച്ച് രാഹുൽ ഗാന്ധി…

January 30, 2019

മലയാളികൾക്ക് വളരെ സുപരിചിതമായ പേരാണ് മുഹമ്മദ് അസീം. പഠിക്കുന്ന സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി അധികാരികള്‍ക്ക് മുന്‍പില്‍ എത്തിയ മുഹമ്മദ് അസിം എന്ന ചെറിയ വലിയ മനുഷ്യൻ  അന്ന് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പണം കൈമാറിയും അസിം ശ്രദ്ധ നേടിയിരുന്നു. സ്വന്തം പോക്കറ്റ് മണിയും പരിചയക്കാരില്‍നിന്നും സഹപാഠികളില്‍നിന്നും അയല്‍വാസികളില്‍നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് 53,815 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസിം നല്‍കിയത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം കേരളത്തിലെത്തിയപ്പോൾ  തന്റെ ഇഷ്ട താരത്തെ കാണാൻ തിരുവനന്തപുരത്ത് എത്തി അസിമിനിയും കേരളക്കര കണ്ടിരുന്നു. ഇപ്പോഴിതാ കൊച്ചിയിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയിരിക്കുകയാണ് കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് അസീം എന്ന കൊച്ചുമിടുക്കൻ.

ഇരുകൈകൾ ഇല്ലെങ്കിലും പരിമിതികളെയെല്ലാം ചെറുത്തുതോല്‍പിച്ച് മുന്നേറുന്ന വിദ്യാര്‍ത്ഥിയാണ് അസിം. ഇപ്പോഴിതാ കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുമായി സംസാരിക്കുന്ന അസിമിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. രാഹുൽ ഗാന്ധി തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചതും. കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യമുണ്ടെങ്കില്‍ അസിമിന് സ്വാഗതമെന്നും രാഹുല്‍ പറയുന്നുണ്ട്.