ചില്ലറക്കാരനല്ല ഈ കുട്ടിത്താരം; തിരുത്തിയത് സാക്ഷാല്‍ സച്ചിന്റെ റെക്കോര്‍ഡ്

January 27, 2019

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ ഒരു റെക്കോര്‍ഡ് തിരുത്തിക്കുറച്ചിരിക്കുകയാണ് രോഹിത് പൗഡല്‍ എന്ന കുട്ടിത്താരം. നേപ്പാള്‍ സ്വദേശിയാണ് രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.

സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ് നിലനിന്നിരുന്നത്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ആദ്യ അര്‍ധ സെഞ്ചുറി നേടുന്നത്. അന്ന് 59 റണ്‍സാണ് സച്ചിന്‍ എടുത്തത്. എന്നാല്‍ യുഎഇയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 58 പന്തില്‍ നിന്നും രോഹിത് 55 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ പ്രായം 16 വയസും 146 ദിവസവും.