നാളെ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം…

January 31, 2019

സിനിമ ആസ്വാദനം…തങ്ങളുടെ ഇഷ്ടപെട്ട താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രങ്ങൾ റിലീസ് ദിവസം തന്നെ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. നാളെ ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളിൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന പേരന്പ്. ജയറാം പ്രധാന കഥാപാത്രമായി എത്തുന്ന ലോനപ്പന്റെ മാമ്മോദീസ, കുഞ്ചാക്കോ ബോബൻ ചിത്രം അള്ളു രാമേന്ദ്രൻ, സർവം താളമയം, നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്നീ ചിത്രങ്ങളാണ് നാളെ തിയേറ്ററുകൾ കീഴടക്കുന്നത്.

പേരന്പ് 

നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ ചിത്രം പേരന്പിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ അഭിനയം തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.പേരന്പ് എന്ന ചിത്രം വാനോളം പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തിനും ചിത്രത്തിനും അഭിനന്ദന പ്രവാഹവുമായി നിരവധി സിനിമ പ്രേമികൾ എത്തിയിരുന്നു.

റാം സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്ത് വന്ന ടീസറുകളും ട്രെയിലറും മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറിയിരുന്നത്. മമ്മൂട്ടിയെക്കൂടാതെ അഞ്ജലി, സാദന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ഓൺലൈൻ ടാക്സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെയും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൽ പറയുന്നത്.

ലോനപ്പന്റെ മാമ്മോദീസ 

മലയാളികളുടെ പ്രിയതാരം ജയറാം നായകനായെത്തുന്ന പുതിയ ചിത്രമാണ്  ‘ലോനപ്പന്റെ മാമ്മോദീസ. ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം.

ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പൻ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്. ചമക്കുന്ന് എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ലോനപ്പന്റെയും അയാള്‍ക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും ജീവിതങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് ലോനപ്പന്റെ മാമ്മോദീസ.

ചിത്രത്തില്‍ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജന്‍, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ജോജു, മാള, ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരകള്‍ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.

അള്ള് രാമേന്ദ്രൻ 

ബിലാഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് അള്ള് രാമേന്ദ്രൻ. അല്പം കലിപ്പ് ലുക്കിൽ കുഞ്ചാക്കോ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളുമെല്ലാം ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടും ആരാധക ഹൃദയങ്ങൾ കീഴടക്കിയിരുന്നു.

ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആക്ഷനും കോമഡി രംഗങ്ങളുമൊക്കെ ഉൾപ്പെടുത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സർവം താളമയം 
 

രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സർവം താളമയം. ജി വി പ്രകാശ് നായകനായി എത്തുന്ന  ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന രാജീവ് മേനോന്റെ അവസാന ചിത്രം ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് 

ഭഗത് മാനുവല്‍ നായകനാകുന്ന ചിത്രമാണ് ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’. സന്തോഷ് ഗോപാല്‍, അഭിലാഷ് കെ ബി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എം ആര്‍ ഗോപകുമാര്‍, ശിവജി ഗുരുവായൂര്‍, ബാലാജി, ശശി കലിംഗ, അംബിക മോഹന്‍, ഡെല്‍ന ഡേവിഡ്, സജിലാല്‍ നായര്‍, അനീഷ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ജി വിനുനാഥിന്‌റെ വരികള്‍ക്ക് അരുണ്‍ രാജാണ് സംഗീതം നല്‍കുന്നത്. റിജോയിസ് ഫിലിം കമ്പനിയുടെ ബാനറില്‍ ജലേഷ്യസ് ജിയാണ് ചിത്രം നിര്‍മിക്കുന്നത്.