പല്ലവിയായി പാർവ്വതി; ‘ഉയരെ’യുടെ ഫസ്റ്റ് ലുക്ക് കാണാം…

January 17, 2019

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രം ‘ഉയരെ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.. പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് പറയുന്നത്. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി വേഷമിടുന്നത്.

മലയാളത്തിലും ഹിന്ദിയിലും ലക്ഷ്മിയുടെ ജീവിതകഥ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നുണ്ട്. ഹിന്ദിയില്‍ ദീപിക പദുക്കോണാണ് ലക്ഷ്മി ആയി വേഷമിടുന്നത്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് മലയാളത്തില്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ഹിന്ദിയില്‍ മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

15 ആം വയസ്സിലാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കും നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് ലക്ഷ്മി ജീവിതം കരയ്ക്കടുപ്പിച്ചത്. മനക്കരുത്തുകൊണ്ട് ജീവിതം തിരിച്ചു പിടിച്ച ഈ വനിത ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ധീരവനിത ഉള്‍പ്പെടെയുള്ള നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലക്ഷ്മി ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.