വിജയ് സേതുപതി കേരളക്കരയിൽ; വരവേറ്റ് ആരാധകർ: വീഡിയോ

January 23, 2019

തമിഴകത്തു മാത്രമല്ല കേരളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകർ ഏറെ. മക്കൾ സെൽവൻ എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നതുപോലും. കേരളക്കരയിലെത്തിയ വിജയ് സേതുപതിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘മാമനിതൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ആലപ്പുഴയിലെത്തിയത്. ചിത്രത്തിൽ ഒരു സാധാരണക്കാരനായാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആലപ്പുഴ കയർ കോർപ്പറേഷൻ ​ഗോഡൗണിൽവെച്ച് ഓട്ടോ തൊഴിലാളികളുമായുള്ള രം​ഗങ്ങളാണ് ചിത്രീകരിച്ചത്.

കാക്കി നിറത്തിലുള്ള ഷർട്ട് അണിഞ്ഞ് നിൽക്കുന്ന വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങൾ മണികണ്ഠൻ ആചാരിയും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. മണികണ്ഠൻ ആചാരിയെ ചേർത്തു നിർത്തുന്ന വിജയ് സേതുപതിയെ ചിത്രങ്ങളിൽ കാണാം. വിജയ് സേതുപതിയെ ആരവങ്ങളോടെ ആരാധകർ വരവേൽക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി.

‘പേട്ട’യ്ക്ക് ശേഷം വിജയ് സേതുപതിക്കൊപ്പം മണികണ്ഠൻ ആചാരി അഭിനയിക്കുന്ന ചിത്രംകൂടിയാണ് മാമനിതൻ. സം​ഗീത സംവിധായകനായ യുവാൻ ശങ്കർ രാജയാണു നിർമാതാവ്. ​ഗായത്രി വിജയ് സേതുപതിയുടെ നായികയായും ചിത്രത്തിലെത്തുന്നുണ്ട്.