ഏതോ മഴയില്‍… ‘വിജയ്‌ സൂപ്പറും പൗര്‍ണ്ണമിയും’ ചിത്രത്തിലെ സൂപ്പര്‍ ഗാനം ഇതാ

January 28, 2019

മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. മികച്ച പ്രതികരണം നേടിയ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഏതോ മഴയില്‍ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേര്‍ മണിക്കൂറുകള്‍ക്കൊണ്ട് ഈ മനോഹരഗാനം കണ്ടുകഴിഞ്ഞു. വിജയ് യേശുദാസും ശ്വേതാ മോഹനും ചേര്‍ന്നാണ് ആലാപനം. ജിസ് ജോയ് യുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിക്കുന്നു.

‘ബൈസിക്കള്‍ തീവ്‌സ്’, ‘സണ്‍ഡേ ഹോളീഡേ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ‘ബൈസിക്കിക്കള്‍ തീവ്‌സ്’ ആണ് ജിസ് ജോയ് സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ ചിത്രം. ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇരുവരുടെയും കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്.

അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, ദേവന്‍, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ പി എസ് ഇ ലളിത എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.