നൂറ് ദിനങ്ങള്‍ പിന്നിട്ട് ‘ജോസഫ്’; സന്തോഷവും നന്ദിയും പങ്കുവെച്ച് ജോജു

February 26, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരും രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും ഏറെ പ്രേക്ഷക സ്വീകാര്യത നേടി. വിജയകരമായ നൂറുദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ജോസഫ്.

ചിത്രം നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ സന്തോഷവും നന്ദിയും പങ്കുവെയ്ക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം ജോജു. ‘മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടല്ല ഒരു സിനിമ നൂറു ദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുള്ള ഇന്‍ഡ്രസ്ട്രിയാണ് നമ്മുടേത്. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതുരു പൊളി ദിവസമാണ്.’ സന്തോഷം പങ്കുവെച്ചുകൊണ്ട് ജോജു പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു താരം. കേക്ക് മുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നൂറാം ദിനത്തിന്റെ വിജയം ആഘോഷിച്ചത്.

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

Read more:പ്രേക്ഷകമനസുകളിലും ഓടിത്തുടങ്ങി ‘ഓട്ട’ത്തിലെ ഈ പ്രണയഗാനം

ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.