ആ മഞ്ഞ കുർത്തയ്ക്ക് ഇനി കറുപ്പിന്റെ അഴക്; വൈറലായി ’99’ ലെ ജാനുവിന്റെ ചിത്രങ്ങൾ

February 28, 2019

’96’ എന്ന ചിത്രത്തിലൂടെ തൃഷ അനശ്വരമാക്കിയ ജാനു എന്ന കഥാപാത്രമായി എത്തുകയാണ് മലയാളത്തിന്റെ മകളും കന്നഡയുടെ മരുമകളുമായ ഭാവന. കഴിഞ്ഞ വർഷം തെന്നിന്ത്യ മുഴുവൻ നെഞ്ചേറ്റിയ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും ഒന്നിച്ചഭിനയിച്ച ’96’. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കൊപ്പം ചിത്രത്തിലെ ഗാനങ്ങലും ആരാധകർ നെഞ്ചേറ്റിയിരുന്നു.

എന്നാൽ ചിത്രം കണ്ടിറങ്ങിയ ഓരോ ആരാധകന്റെയും മനസ്സിൽ പതിഞ്ഞ ഒന്നായിരുന്നു ജാനുവിന്റെ ആ മഞ്ഞകുർത്ത. ജാനുവായി ഭാവന എത്തുമ്പോൾ ആ മഞ്ഞകുർത്തയ്ക്ക് ഇനി കറുപ്പിന്റെ അഴകാണ്. ജാനുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ’96’  ’99’ ആകും. ചിത്രത്തിൽ ജാനുവായി ഭാവന എത്തുമ്പോൾ വിജയ് സേതുപതി അവിസ്മരണീയമാക്കിയ വേഷം കൈകാര്യം ചെയ്യുന്നത് കന്നഡയിലെ ഗോൾഡൻ സ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്ന ഗണേഷാണ്.

ചിത്രീകരണം പൂർത്തിയായ 99 ന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയിൽ സംവിധാനം ചെയ്യുന്നത്. 96 എന്ന സിനിമ കണ്ടിറങ്ങിയ ഒട്ടുമിക്ക ആളുകളെയും തങ്ങളുടെ ഭൂതകാലത്തിന്റെ മനോഹരമായ ഓർമ്മകളിലേക്ക് എത്തിച്ച ചിത്രം മലയാളവും തമിഴകവും ഒരുപോലെ നെഞ്ചേറ്റിയിരുന്നു.. ചിത്രം ഇനി കന്നഡയിൽ എത്തുമ്പോഴും സിനിമയുടെ ഭംഗി ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കപെടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.


അതേസമയം 2018 ഒക്ടോബര്‍ നാലിനാണ് ’96’ തീയറ്ററുകളിലെത്തിയത്. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയം ചിത്രത്തിലെ മുഖ്യ പ്രമേയം. കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ്. നന്ദഗോപാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.