ആനയടിപ്പൂരം ആഘോഷമാക്കി പെണ്‍കുട്ടി; കൈയടിച്ച് സോഷ്യല്‍മീഡിയ

February 7, 2019

കൗതുകകരമായ പലതും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുറച്ചുദിവസങ്ങളായി പലരുടെയും വാട്‌സ്ആപ് സ്റ്റാറ്റസുകളിലും ഫെയ്‌സ്ബുക്ക് ടൈംലൈനുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത് ആനയടിപ്പൂരത്തെ ആഘോഷമാക്കിയ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ്.

മേളത്തിന്റെയും പൂരത്തിന്റെയുമെല്ലാം ആവേശം ഒട്ടും ചോര്‍ന്നുപോകാതെയാണ് പാര്‍വ്വതി എന്ന ഒമ്പതാം ക്ലാസുകാരി ആനയടിപ്പൂരത്തെ ആഘോഷമാക്കിയത്. മേളം കൊഴുക്കുന്നതോടെ മനം നിറഞ്ഞ് താളത്തിനനുസരിച്ച് തുള്ളിച്ചാടുകയാണ് ഈ പെണ്‍കുട്ടി. ‘ഇങ്ങനെ വേണം പൂരം ആഘോഷിക്കാന്‍’ എന്നാണ് പലരുടെയും കമന്റ്.

ഫെബ്രുവരി നാലിനായിരുന്നു കൊല്ലത്തെ ആനയടി ക്ഷേത്രത്തിലെ ആനയടിപ്പൂരം. ഒപ്പമുള്ള സ്ത്രീകള്‍ കൈയില്‍ പിടിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ മേളത്തെ ആഘോഷമാക്കുകയാണ് പാര്‍വ്വതി. ആരോ പകര്‍ത്തി, സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.