അന്ന് ഇളയരാജയ്ക്ക് പിന്നില്‍, വര്‍ഷങ്ങള്‍ക്കിപ്പുറം തോളോട് ചേര്‍ന്ന്; മനോഹര ചിത്രം പങ്കുവെച്ച് എആര്‍ റഹ്മാന്‍

February 4, 2019

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നത് തരംഗമാണ്. എന്നാല്‍ സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇളയരാജയ്‌ക്കൊപ്പമുള്ള ചിത്രമാണ് റഹ്മാന്‍ പങ്കുവെച്ചിരിക്കുന്നത്.

രണ്ട് ചചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് റഹ്മാന്‍ പങ്കുവെച്ച ചിത്രം. ഏറെ കൗതുകമുണ്ട് ഈ രണ്ട് ചിത്രങ്ങളിലും. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇളയരാജയ്ക്ക് പിന്നില്‍ നില്‍ക്കുന്ന റഹ്മാനെയാണ് ഒരു ചിത്രത്തില്‍ കാണാന്‍ സാധിക്കുക. മറ്റൊന്നില്‍ ഇളയരാജയ്ക്ക് തൊട്ടരികില്‍ നിന്ന് കീബോര്‍ഡ് വായിക്കുന്ന ഏആര്‍ റഹ്മാനും.

’33 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീയപ്പെട്ട മാസ്റ്റര്‍ക്കൊപ്പം, എത്ര മഹത്തരമായ അനുഭവം’ എന്ന ക്യാപ്ഷനോടുകൂടിയാണ് റഹ്മാന്‍ ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

തമിവ് സിനിമാരംഗത്ത് 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇളയരാജയെ ആദരിച്ചുകൊണ്ട് ‘ഇളയരാജ 75’ എന്ന പേരില്‍ ഒരു സംഗീതപരിപാട് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ചിരുന്നു. ഈ വേദിയിലാണ് ഇളയരാജയ്‌ക്കൊപ്പം ഏആര്‍ റഹ്മാനും എത്തിയത്. ഇളയരാജയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് കീ ബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയും ചെയ്തു എആര്‍ റഹ്മാന്‍.