പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ആ മനോഹരഗാനം വീണ്ടും ആലപിച്ച് ആരാധന ശിവകാര്‍ത്തികേയന്‍; വീഡിയോ

February 27, 2019

തമിഴകത്ത്‌ മാത്രമല്ല മലയാളക്കരയിലുമുണ്ട് ശിവകാര്‍ത്തികേയന് ആരാധകര്‍ ഏറെ. മാസങ്ങള്‍ക്ക് മുമ്പ് ശിവകാര്‍ത്തികേയന്റെ മകള്‍ ആരാധനയും ആരാധകര്‍ക്ക് പ്രീയപ്പെട്ടവളായി. കാനാ എന്ന ചിത്രത്തിനുവേണ്ടിയ മനോഹരമായൊരു ഗാനം ആലപിച്ചുകൊണ്ടായിരുന്നു ആരാധന താരമായത്. ഇപ്പോഴിതാ ഈ ഗാനം വീണ്ടും ആലപിച്ചരിക്കുകയാണ് ആരാധന.

ഒരു പുരസ്‌കാര വേദിയിലാണ് ആരാധന ശിവകാര്‍ത്തികേയന്‍ മനോഹരമായി വീണ്ടും പാടിയത്. മികച്ച ബാലഗായികയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു ആരാധന. അച്ഛന്‍ ശിവാകാര്‍ത്തികേയനൊപ്പമാണ് കുട്ടിഗായിക വേദിയിലെത്തിയത്. മകളെക്കുറിച്ചുള്ള ശിവകാര്‍ത്തികേയന്റെ വാക്കുകള്‍ക്കും പ്രേക്ഷകര്‍ നിറഞ്ഞുകൈയടിച്ചു. പതിനാറ് ലക്ഷത്തിലധികം പേരാണ് ഈ പുരസ്‌കാരവീഡിയോ ഇതിനോടകം കണ്ടത്.

‘കനാ’ എന്ന ചിത്രത്തിനു വേണ്ടി ദിബു നിനാന്‍ തോമസ് സംഗീതം നല്‍കിയ ‘വായാടി പെത്ത പുള്ള…’ എന്ന ഗാനമാണ് ആരാധന പാടിയത്. ശിവകാര്‍ത്തികേയന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയില്‍ മകള്‍ക്കൊപ്പം ശിവകാര്‍ത്തികേയനും ഈ ഗാനം ആലപിച്ചിരുന്നു.

അരുണ്‍ രാജ കാമരാജാണ് ചിത്രത്തിന്റെ സംവിധാനം. സത്യരാജ്, ഐശ്വര്യ രാജേഷ്, ധര്‍ഷന്‍, ഇളവരസ് എന്നിവരാണ് കനായില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ദിനേശ് കൃഷ്ണനാണ് ഛായാഗ്രഹണം. റുബനാണ് ചിത്രസംയോജനം. ശിവകാര്‍ത്തികേയനും മകള്‍ക്കും പുറമെ വൈക്കം വിജയലക്ഷമിയും ഇവര്‍ക്കൊപ്പം പാടുന്നുണ്ട്.

Read more:സംസ്ഥാനചലച്ചിത്ര പുരസ്‌കാരം; ഒറ്റനോട്ടത്തില്‍

തമിഴ് സിനിമാലോകത്തെ ജനപ്രിയ താരമാണ് ശിവകാര്‍ത്തികേയന്‍. കനാ എന്ന ചിത്രത്തിലൂടെ തന്നെയാണ് ശിവകാര്‍ത്തികേയന്‍ ആദ്യമായി സിനിമ നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവയ്ക്കുന്നതും. തികച്ചും വ്യത്യസ്ഥമായൊരു പ്രമേയമാണ് ചിത്രത്തിന്റേത്. വനിതാ ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരി ആകാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും കഥ പറയുന്ന ചിത്രമാണ് കനാ. പ്രേക്ഷകരില്‍ ആകാംഷ ജനിപ്പിക്കുന്ന രംഗങ്ങളായിരുന്നു ചിത്രത്തില്‍ കൂടുതലും. ഗായകനായും ഗാനരചയിതാവായും മികവ് പുലര്‍ത്തിയ പ്രതിഭയാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ രാജ കാമരാജ്.