പൃഥ്വി ബിജുമേനോൻ കൂട്ടുകെട്ടിൽ ‘അയ്യപ്പനും കോശിയും’ ഉടൻ

February 5, 2019

‘അയ്യപ്പനും കോശിയുമായി പൃഥ്വിയും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു. മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിൽ സച്ചി ഒരുക്കിയ അനാർക്കലി. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അനാർക്കലി ഇറങ്ങി നാലു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പുതിയ ചിത്രവുമായി ഈ ടീം ഒന്നിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതേസമയം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയൺ ആണ്  പൃഥ്വിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

ചിത്രത്തിൽ ഡോക്ടർ ഇനയത് ഖാൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കാവൽമാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്ന കഥാപാത്രത്തെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്.

പൃഥ്വിയെ  പ്രധാന കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ‘മേരാ നാം ഷാജി’യാണ് ബിജു മേനോന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.