28 വ്യാജ ആപ്ലിക്കേഷനുകള്‍ക്ക് പൂട്ടിട്ട് ഗൂഗിള്‍

February 26, 2019

28 വ്യാജ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കി. പ്ലേസ്റ്റോറില്‍ നിന്നുമാണ് ഈ ആപ്ലിക്കേഷന്‍ നീക്കിയത്. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിര്‍ച്വല്‍ ഡാറ്റ, മിനി വാലെറ്റ്, ഗോള്‍ഡ് ലോണ്‍, ലവ് ലിഫ, ചിറ്റ് ഫണ്ട്‌സ് തുടങ്ങിയ 28 ആപ്ലിക്കേഷനുകളാണ് പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കിയത്.

പേരുമായി യാതൊരു ബന്ധവുമില്ലാത്ത സേവനങ്ങളാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ നല്‍കിയതെന്ന് സെക്യൂരിറ്റി ലാബ് കണ്ടെത്തിയിരുന്നു. സാര്‍വേഷ് ഡെവലപ്പര്‍ എന്ന കമ്പനിയാണ് ഈ 28 വ്യാജ ആപ്ലിക്കേഷനുകളും വികസിപ്പിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഇത്തരം വ്യാജ ആപ്ലിക്കേഷനുകള്‍ നീക്കാന്‍ തീരുമാനമായത്.

അതേസമയം ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുമ്പ് അതിനെക്കുറിച്ചുള്ള കുറിപ്പ് കൃത്യമായി വായിച്ചിരിക്കണമെന്നു ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ് വ്യക്തമാക്കി. ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് റിവ്യൂസ് ശ്രദ്ധിക്കണമെന്നും ഓര്‍മ്മപ്പെടുത്തി.