അഭിനയരംഗത്തേക്ക് തിരിച്ചുവരാനൊരുങ്ങി മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ..

February 19, 2019

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. ഹാസ്യ കഥാപാത്രമായും പ്രധാന കഥാപാത്രമായുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരം വാഹനാപകടത്തെത്തുടർന്ന് വർഷങ്ങളായി ചികിസ്തയിലായിരുന്നു.. 

2012 മാര്‍ച്ചിലാണ് മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. 

മികച്ച കഥാപാത്രങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത താരമാണ് ജഗതി ശ്രീകുമാർ. താരത്തിന്റെ തിരിച്ചുവരവിനായി അക്ഷമരായി കാത്തിരിക്കുന്ന ആരാധകർക്ക് താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ സന്തോഷം പകരുന്നതാണ്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ്കുമാറാണ് ഈ ശുഭവാർത്ത അറിയിച്ചത്.

അതേസമയം ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെയാണ് താരം വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തുക. അടുത്തവർഷം സിനിമയിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്ന് രാജ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്‍റർടെയ്ൻമെന്‍റ്സ് കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്.