ഭാവാഭിനയത്തില്‍ നിറഞ്ഞ് രജിഷ; ‘ജൂണി’ലെ പുതിയ ഗാനത്തിനും കൈയടി

February 25, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ജൂണ്‍ എന്ന പുതിയ ചിത്രം. പ്രേക്ഷകരുടെ കൈയടി നേടുകയാണ് രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജൂണ്‍’ എന്ന സിനിമയിലെ പുതിയ ഗാനം. ‘ഉയരും…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകംതന്നെ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനു എലിസബത്ത് ജോസിന്റേതാണ് വരികള്‍.

നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും.

വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ചിത്രത്തിനുവേണ്ടിയുള്ള രജിഷയുടെ മെയ്ക്ക്ഓവറും സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നുണ്ട്.