പ്രണയം മഴപോലെ പെയ്തിറങ്ങുന്ന സംഗീതാനുഭവം സമ്മാനിച്ച് ‘കഥകൾ നീളെ’; വീഡിയോ കാണാം…

February 21, 2019

പ്രണയത്തിന്റ മനോഹാരിത വരച്ചുകാണിക്കുന്ന മ്യൂസിക്കൽ ആൽബമാണ് കഥകൾ നീളെ. കേൾവിക്കാരെ  ഗൃഹാതുരമായ അവസ്ഥയിലൂടെ കൊണ്ട് പോകുന്ന  മനോഹരമായ ഈ മ്യൂസിക്കൽ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് എബി തോമസാണ്.

അര ദശകത്തോളം മീഡിയ, എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ പ്രവർത്തിപരിചയം നേടിയ എബി തോമസ് എന്ന യുവ സംവിധായകൻ, പ്രണയരംഗങ്ങളിൽ ഫീൽ നിലനിർത്തുന്നതിലും ലൊക്കേഷന്റെ മനോഹാരിത ഉപയോഗപ്പെടുത്തുന്നതിലും പൂർണ്ണമായും വിജയിച്ചു എന്ന് നിസംശയം പറയാം. ഇതോടെ മലയാള സിനിമക്ക് ഒരു പുതിയ യുവ സംവിധായകനെ ലഭിക്കുമെന്ന് ഉറപ്പിക്കാം..

പവിത്രമായ പ്രണയത്തിന്റെ സുന്ദരവും സുരഭിലവുമായ നിമിഷങ്ങളാണ് കഥകൾ നീളെ എന്ന മ്യൂസിക് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ‘തട്ടത്തിൻ മറയത്ത്’, ‘നത്തോലി ഒരു ചെറിയ മീനല്ല’… തുടങ്ങി ഒട്ടനവധി ഹിറ്റ്‌ ഗാനങ്ങളുടെ വരികളെഴുതിയ അനു എലിസബത്തിന്റെ പ്രണയാർദ്രമായ വരികൾക്ക് യുവ സംഗീത സംവിധായകൻ മെജോ ജോസഫ് ഈണം പകർന്നപ്പോൾ പിറന്നത് പ്രശസ്ത ഗായകർ ഹരിചരനും ശ്വേതാ മോഹനും ചേർന്നാലപിച്ച അത്യുഗ്രൻ പ്രണയഗാനമാണ്.

സൺ‌ഡേ ഹോളിഡേ, ബി ടെക് തുടങ്ങിയ ഹിറ്റ്‌ സിനിമകൾ നിർമ്മിച്ച മാക്ട്രോ പിക്ചേഴ്സിന്റെ കീഴിലുള്ള ജോയ് മ്യൂസിക് അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം മികച്ച പ്രേക്ഷക പ്രതികരണം നേടി യൂട്യൂബിൽ തരംഗമായിരിക്കുകയാണ്.

മലയാള സിനിമ, സീരിയൽ, പരസ്യ മേഖലകളിലൂടെ സുപരിചിതയായ മൃദുല വിജയ്, പുതുമുഖതാരം ഹരീഷ് എന്നിവർ ചേർന്നാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.  ഹരീഷ് എന്ന പുതുമുഖ നടന്റെ സിനിമാലോകത്തേക്കുള്ള ചുവടുവെപ്പാകാം കഥകൾ നീളെ എന്ന മ്യൂസിക്കൽ ആൽബം.

അനവധി പരസ്യചിത്രങ്ങളിലൂടെ പ്രവർത്തിപരിചയം നേടിയ രാജേഷ് അരവിന്ദ് തന്റെ ക്യാമറകണ്ണുകളിലൂടെ മൂന്നാറിന്റെ ദൃശ്യഭംഗി അതിമനോഹരമായി ഒപ്പിയെടുത്തുവെന്നത് എടുത്ത് പറയേണ്ട ഒരു പ്രത്യേകത തന്നെയാണ്.  ജിഷ്ണു എസ് ഗിരീശൻ വീഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ആൽബത്തിന്റെ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺ മാനുവൽ ആണ്. ഒട്ടനവധി പ്രമുഖ ബ്രാൻഡുകളുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിട്ടുള്ള അരുണിന്റെ മികവും പോസ്റ്ററുകളിൽ ദൃശ്യമാണ്.

നിരവധി മലയാള സിനിമകൾക്ക് സൗണ്ട് ഡിസൈനിങ് ചെയ്തിട്ടുള്ള “മഞ്ജിത് പോളിന്റെ സാന്നിധ്യവും ഈ മ്യൂസിക് ആൽബത്തിന് മുതൽക്കൂട്ടാണ്. സനു വർഗീസ് ടൈറ്റിൽ ഗ്രാഫിക്സ് നിർവഹിച്ച ആൽബത്തിൽ കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തിരിക്കുന്നത് അനിലിയ ജോർജ് മറ്റത്തിലാണ്.

ഹെലിക്യാം ഹാൻഡിൽ ചെയ്ത് നിതിൻ, മികച്ച ലൊക്കേഷനലുകൾ സമ്മാനിച്ച സച്ചു, കൊറിയോഗ്രാഫർ ദിലീപ് കുമാർ സി പി, അസ്സോസിയേറ്റ് ഡയറക്ടർ ജോഷി എൻ ജെ, മേക്കപ്പ് നിർവഹിച്ച് സുദേവ് രുദ്ര, അസോസിയേറ്റ് ക്യാമറ മാൻ അക്ഷയ് ശിവദാസ്, അസിസ്റ്റന്റ് ഡയറക്റ്റർ ജെസ്‌ന ജസ്റ്റിൻ എന്നിവരുടെ സാന്നിധ്യവും ആൽബത്തെ മികച്ചതാക്കി. കഥകൾ നീളെ എന്ന ആൽബത്തിന്റെ ഡി കളറിങ് നിർവഹിച്ചിരിക്കുന്നത് ബ്ലാക്ക് മരിയ സ്റ്റുഡിയോസാണ്.

യുട്യൂബില്‍ പങ്കുവെച്ച ഈ പ്രണയഗാനം ഇതിനോടകംതന്നെ നിരവധി ആളുകളാണ് കണ്ടത്..മനോഹരമായ പ്രണയ ഗാനം കാണാം..