കപിൽ ദേവായി രൺവീർ സിംഗ്; ’83’ ഉടൻ…

February 20, 2019

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവാകാനൊരുങ്ങി രൺവീർ സിംഗ്. ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83 എന്ന സിനിമയിലൂടെയാണ് കപില്‍ ദേവായി റണ്‍വീര്‍ എത്തുന്നത്. വെള്ളിത്തിരയിലൂടെ 1983ലെ ഇന്ത്യ വെസ്റ്റ് ഇന്‍റീസ് ഫൈനലില്‍ മത്സരിക്കാനൊരുങ്ങുകയാണ് താരം.

ഇന്ത്യയുടെ അഭിമാന നിമിഷങ്ങളിലൊന്ന് വെള്ളിത്തിരയിലെത്തിക്കുന്നതിന്‍റെ ഭാഗമാവാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് രൺവീർ ഇപ്പോൾ. രണ്‍വീറിനെക്കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കപില്‍ ദേവ് എന്ന വ്യക്തിയുടെ നിഴലാവാനാണ് താന്‍ ശ്രമിക്കുന്നത് അദ്ദേഹത്തെ ഞാന്‍ പിന്‍തുടരുകയും കഥാപാത്രത്തിന് വേണ്ട എല്ലാം കണ്ട് പഠിക്കുകയും ചെയ്യും. ബൌളിങിലും ബാറ്റിങിലും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമോ എന്നും ശ്രമിക്കും. ഇതെനിക്ക് ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നും പരമാവധി നല്ല രീതിയില്‍ തന്നെ കപിലിനെ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും റണ്‍വീര്‍ പറഞ്ഞു.