മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്‍’ സ്വാതന്ത്ര്യ ദിനത്തില്‍ തീയറ്ററുകളിലേക്ക്

February 12, 2019

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കാപ്പാന്‍’ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് തീയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെ.വി ആനന്ദാണ് ‘കാപ്പാന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. അതേസമയം അടുത്തിടെ ‘കാപ്പാന്‍’ എന്ന സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രമുള്‍പ്പെടുന്ന ഒരു ഫ്ളക്‌സ് ബോര്‍ഡിന്റെ ഫോട്ടായാണ് ലൊക്കേഷന്‍ കാഴ്ചകളില്‍ നിറഞ്ഞുനിന്നത്. ‘ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ’ എന്നും ഫ്ളക്‌സില്‍ എഴുതിയിട്ടുണ്ട്.
സയേഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ആര്യ ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ‘കാപ്പാന്‍’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.