ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം സര്‍ക്കാര്‍ ധനസഹായം
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന് വിവി വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ ഭാര്യയ്ക്ക് 15 ലക്ഷവും അമ്മയ്ക്ക് 10 ലക്ഷവും നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
അതോടൊപ്പംതന്നെ വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെറ്റിനറി സര്‍വകലാശാലയില്‍ താല്കാലികാടിസ്ഥാനത്തില് ജോലി ചെയ്യുന്ന വസന്തകുമാറിന്റെ ഭാര്യയെ ആ തസ്തികയില്‍ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി പതിനാലിനാണ് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. വിവി വസന്തകുമാര്‍ ഉള്‍പ്പെടെ 40 സിആര്‍പിഫ് ജവാന്മാര് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.