‘എല്ലാവരെയും എപ്പോഴും ചിരിപ്പിക്കുന്ന നടനാണ് സൗബിൻ,’ കുമ്പളങ്ങിയിലെ വിശേഷങ്ങളുമായി ജാസ്മിൻ; വീഡിയോ കാണാം…

February 23, 2019

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച സിനിമയാണ് മധു സി നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് സൗബിൻ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ എന്നിവരാണ്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും എത്തിയ സിനിമ ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞാടികൊണ്ടിരിക്കുകയാണ്.

ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ജാസ്മിൻ മെറ്റിവർ എന്ന വിദേശി വനിതയാണ്. ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയുടെ സുഹൃത്ത് നൈന എന്ന കഥാപാത്രത്തെയാണ് ജാസ്മിൻ അവതരിപ്പിച്ചത്. ആദ്യമായി സിനിമയിൽ എത്തിയതിനെക്കുറിച്ചും, കുമ്പളങ്ങി ടീമിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് താരം.

“ഫഹദ് ഏറെ അതിശയിപ്പിക്കുന്ന നടനാണ്. ആദ്യം ഫഹദ് വളരെ നിശ്ശബ്ദനായിരുന്നു. ഞങ്ങള്‍ തമ്മില്‍ വഴക്ക് ഇടുന്ന ഒരു സീനുണ്ട്. ആ സീനില്‍ പെട്ടെന്ന് വളരെ ക്രേസിയായ ശബ്ദത്തിലൊക്കെ സംസാരിക്കാന്‍ തുടങ്ങി. ഞാനാണെങ്കില്‍ അയ്യോ എന്നെക്കൊണ്ട് ഇതൊന്നും ചലഞ്ച് ചെയ്ത് നില്‍ക്കാന്‍ പറ്റില്ല, മര്യാദയ്ക്ക് എങ്ങിനെയെങ്കിലും ചെയ്തു തീര്‍ത്താല്‍ മതിയെന്ന മട്ടിലും. വളരെ എളിമയുളള ഒരാളാണ് ഫഹദ്. അതിശയിപ്പിക്കുന്ന നടന്‍, ആ കഥാപാത്രമായി അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. തീരെ ശാന്തനായ, അഭിനയത്തെ പറ്റി ഏറെ അറിവുള്ള അദ്ദേഹത്തോട് എനിക്കൊരുപാട് ബഹുമാനം തോന്നുന്നു”. ജാസ്മിൻ പറഞ്ഞു.

“സൗബിന്‍ എന്നു പറഞ്ഞാല്‍ തന്നെ എന്റര്‍ടെയ്‌മെന്റാണ്. വളരെ നല്ല നടന്‍ ഒപ്പം എല്ലാ സമയവും സെറ്റില്‍ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കും സൗബിന്‍ എന്നു പറഞ്ഞാല്‍ തന്നെ എന്റര്‍ടെയ്‌മെന്റാണ്. വളരെ നല്ല നടന്‍ ഒപ്പം എല്ലാ സമയവും സെറ്റില്‍ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കും”.

ഷെയ്ൻ നിഗത്തെക്കുറിച്ചും, ശ്രീനാഥ്‌ ഭാസിയെക്കുറിച്ചും അന്നയെക്കുറിച്ചുമെല്ലാം ഒരുപാട് പറയാനുണ്ട് ജാസ്മിന്. എല്ലാവർക്കുമൊപ്പം കുമ്പളങ്ങിയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജാസ്മിൻ.

ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.