‘വിജയ് സൂപ്പറും പൗർണമി’ക്കും ശേഷം കുഞ്ചാക്കോയെ നായകനാക്കി ഒരു ജിസ് ജോയ് ചിത്രം….

February 13, 2019

മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ‘വിജയ് സൂപ്പറും പൗർണമിയു’മാണ് അവസാനമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിനേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ജിസ് ജോയ്.

മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് ഇത്തവണ  അദ്ദേഹം പുതിയ ചിത്രം ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

കുഞ്ചാക്കോ ബോബന് പുറമെ, കെ.പി.എ.സി ലളിത, സിദ്ധീഖ്, രഞ്ജി പണിക്കർ, ശ്രീനിവാസൻ, മുകേഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മെയ് മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്..